Thursday, May 6, 2010

01. ഇരവികുളം നാഷണല്‍ പാര്‍ക്കില്‍

ഇത് എന്റെ ആദ്യത്തെ ട്രെക്കിംഗ് അനുഭവം ആണ് .ഞാന്‍ മലപ്പുറത്ത്‌ പഠിക്കുന്ന സമയം തൃശ്ശൂരില്‍ അമ്മയോടൊപ്പം താമസിച്ചു കൊണ്ട് കോളേജില്‍ പൊയ് വരുകയായിരുന്നു, ആഴ്ചയില്‍ രണ്ടു ദിവസം തികച്ചു ക്ലാസ്സില്‍ കയറിയാല്‍ ആയി എന്റെ കൂട്ടുകാര്‍ പറയുന്നത് ഞാന്‍ സീസണ്‍ ടിക്കറ്റ്‌ എടുത്തു ആലപ്പുഴയില്‍ പോയി വരുകയാണ് എന്നാണ് .

ആയിടക്കാണ്‌ ഫോറസ്ട്രി കോളേജിലെ ഹരിയെ പരിചയപ്പെടുന്നത് പിന്നീട് എന്റെ ആത്മസുഹൃത്ത് ആയി മാറിയ ഹരി,ഒരു ദിവസം ഹരി അവരുടെ പഠനത്തിന്റെ ഭാഗം ആയി ഇരവികുളത്തു ഒരു സര്‍വേ നടത്തുവാന്‍ പോകുന്നു എന്ന് പറയുന്നത് നിനക്ക് താല്‍പ്പര്യം ഉണ്ട് എങ്കില്‍ അടുത്ത ദിവസം മൂന്നാര്‍ വച്ച് ജോയിന്‍ ചെയ്തോളാന്‍ പറഞ്ഞു .എന്ത് പറഞ്ഞു വീട്ടില്‍ നിന്നും മുങ്ങും എന്ന് ആലോചിച്ചു ഇരികുമ്പോള്‍ ആണ് ദൈവം പ്രൊജക്റ്റ്‌ വര്‍ക്ക്‌ ന്റെ രൂപത്തില്‍ പ്രേത്യഷപ്പെട്ടത്‌ മറ്റൊന്നും ആലോചിക്കാന്‍ നില്‍ക്കാതെ ലിബിന്‍ എന്ന സുഹൃത്തിനെ വിളിച്ചു അവന്റെ ക്യാമറ മേടിച്ചു അത്യാവശ്യം ഡ്രെസ്സും മറ്റു സാധന സാമഗ്രികളും ആയി പിറ്റേ ദിവസം രാവിലെ രണ്ടു മണിക്ക് പ്രോജെക്ട്നു പോകുന്നു എന്ന വ്യാജേന തൃശ്ശൂരില്‍ നിന്നും കോതമംഗലത്തെക്ക് വണ്ടി കയറി.

പുലര്‍ച്ചെ അവിടെ നിന്നും നീലക്കുറിഞ്ഞിയുടെ നാട്ടിലേക്ക് ഞാന്‍ ചെന്നപ്പോള്‍ പത്രണ്ട് പേര്‍ അടങ്ങുന്ന സംഘം യാത്രക്ക് തയ്യാര്‍ ആയി നില്‍ക്കുന്നു,മുന്നാര്‍ ടൗണില്‍ നിന്നും ഫിലിം റോളുകളും ബാറ്ററിയും മേടിച്ചു കൊണ്ട് ഞാനും അവര്‍ക്കൊപ്പം ജോയിന്‍ ചെയ്തു.മൂന്നാറില്‍ നിന്നും ഫോറെസ്റ്റ്കാരുടെ വാനില്‍ ആണ് യാത്ര, രാവിലെ ഏഴു മണിക്ക് യാത്ര തുടങ്ങി ആദ്യ ലക്‌ഷ്യം ഇരവികുളം ചെക്ക്‌ പോസ്റ്റ്‌ ആണ് അവിടെ നിന്നും മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ച് ങ്ങളെ സഹായിക്കുവാന്‍ ആയി രണ്ടു ഫോറെസ്റ്റ് ഗാര്‍ഡ് കാരും വഴി കാണിക്കുവാന്‍ മൂന്ന് ആദിവാസി യുവാക്കളും ഞങള്ക്കൊപ്പം ചേര്‍ന്നു.അവിടെ വച്ച് വൈല്‍ഡ്‌ ലൈഫ് വാര്‍ഡന്‍ടെ ഒരു ചെറിയ ക്ലാസ്സ്‌ കാട്ടില്‍ പെരുമാറേണ്ട രീതികളെ കുറിച്ചും മറ്റും ,അവിടെ നിന്നും വീണ്ടും വാന്‍ മല കയറി തുടങ്ങി

ഇരവികുളം വരയാടുകളെ കൊണ്ടും നീലക്കുറിഞ്ഞി പൂക്കളെ കൊണ്ടും ഇന്റര്‍നാഷണല്‍ ടൂറിസം മാപ്പില്‍ സ്ഥാനം നേടിയ സ്ഥലം ആണ് .സൂയിസൈഡ് പൊയന്റില്‍ നിന്നും ഒരു മൂന്ന് കിലോമീറ്റര്‍ കൂടി വാഹനങ്ങള്‍ കടന്നു പോകും പിന്നെ ഉള്ളത് ടാറ്റാ ടിയുടെ എസ്റ്റേറ്റ്‌ റോഡ്‌ ആണ് അവിടെ ഞങ്ങള്‍ വരുന്നതും കാത്തു വനം വകുപ്പിന്റെ ജീപ്പ് കിടപ്പുണ്ട് അതില്‍ കയറി വീണ്ടും മല മുകളില്‍ കയറാന്‍ തുടങ്ങി. റോഡ്‌ എന്ന പേരെ ഉള്ളൂ വലിയ പാറ കഷ്ണങ്ങളും ചെളിയും നിറഞ്ഞ വഴി ആണ് അര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ജീപ്പ് നിന്നു ഇനി നടന്നു വേണം പോവാന്‍..ജീവിതത്തില്‍ ആദ്യം ആയി കാട്ടില്‍ നടക്കുന്നതിന്റെ അമ്പരപ്പും ആശ്ചര്യവും എന്റെ മുഖത്തുണ്ട് എന്നാലും കാടിന്റെ സൗന്ദര്യവും പച്ചപ്പും എന്റെ കാലുകള്‍ക്ക് കരുത്തു പകര്‍ന്നു ഞങ്ങള്‍ പതിനെട്ടു പേരുടെ സംഘം നടപ്പ് തുടങ്ങി, എല്ലാവരിലും കണ്ട ആദ്യത്തെ ആവേശം പിന്നെ കുറഞ്ഞു വരുന്നുണ്ടോ എന്ന് സംശയം തോന്നി കാരണം കുത്തനെ ഉള്ള കയറ്റം അല്‍പ്പം കഠിനം തന്നെ ആണ് ശരണം അയ്യപ്പാ എന്ന് അറിയാതെ വിളിച്ചു പോയി...

കുറച്ചു കൂടി കയറി കഴിഞ്ഞപ്പോള്‍ പെട്ടെന്ന് പിറകില്‍ നിന്നും ഒരു "ഹൊയ് ഹോയ്
ഹൊയ് ഹോയ് " വിളി കേട്ട് തിരിഞ്ഞു നോക്കി മൂന്ന് പേര്‍ തലയില്‍ ചാക്കും കൈകളില്‍ സഞ്ചിയും ഒക്കെ ആയി നടന്നു കയറി വരുന്നു പിന്നീടു കുറച്ചു സമയം അവരുടെ കൂടെ അവിടെ വിശ്രമിച്ചതിനു ശേഷം യാത്ര തുടരാം എന്ന് വിചാരിച്ചു.. "ലക്കന്‍ കുടി" എന്ന സ്ഥലത്തേക്കാണ്‌ അവര്‍ പോവുന്നത് , നാന്നാല്‍ ഇന്നത്തെ രാത്രി അവിടെ ആണ് കഴിയേണ്ടത് എന്ന കാര്യം അപ്പോള്‍ ആണ് ഓര്‍ത്തത് അപ്പോള്‍ സമയം ഏതാണ്ട് പതിനൊന്നു കഴിഞ്ഞു കാണും,അവര്‍ മൂന്നാര്‍ ടൗണില്‍ നിന്നും കുടിയിലെ റേഷന്‍ കടയിലേക്ക് ഉള്ള അരിയും മറ്റു സാധങ്ങളും തലച്ചുമടായി കൊണ്ടുപോവുകയാണ്‌ നമ്മുടെ നാട്ടിലെ "നോക്ക് കൂലിക്കാരെ" ആ നിമിഷം ഞാന്‍ ഓര്‍ത്തു പോയി കുറച്ചു സമയം കഴിഞ്ഞ് അവര്‍ യാത്ര തുടര്‍ന്നു ഞങ്ങള്‍ പിറകെയും ...

അല്‍പ്പ സമയത്തെ നടപ്പിനു ശേഷം പെട്ടന്ന് എത്തിയത് നദിയുടെ അരികില്‍ അവിടെ ആണ് ബഹുരസം നദി കടക്കാന്‍ ഒരു തൂക്കുപാലം ഉണ്ട് ചൂരല്‍ വള്ളികള്‍ കൊണ്ട് കെട്ടിയത് രണ്ടു വലിയ കമ്പികള്‍ നദിക്കു കുറുകെ കെട്ടിയിരിക്കുന്നു അതിലാണ് ചൂരലും വള്ളികളും കൊണ്ട് പാലം നിര്‍മിച്ചിരിക്കുന്നത് ഒരു സമയം ഒരാള്‍ക്ക് മാത്രമേ അതിലൂടെ നടന്നു അക്കരെ ചെല്ലാന്‍ പറ്റുകയുള്ളൂ ഞങ്ങള്‍ ഓരോരുത്തരായി നടന്നു തുടങ്ങി
ഞങ്ങളുടെ കൂടെ ഒരേ ഒരു പെണ്‍തരിയും ഉണ്ട് പേര് ഇന്ദിര തോമസ്‌ പാലത്തിന്റെ അറ്റം കണ്ടപ്പോള്‍ തന്നെ പുള്ളിക്കാരിയുടെ മുട്ടിടിച്ചു തുടങ്ങി ഒരു വിധത്തില്‍ അക്കരെ എത്തിപ്പെട്ടു എന്നുപറഞ്ഞാല്‍ മതിയല്ലോ....




ഇതാണ് പാലത്തിന്റെ ഒരു കിടപ്പ് വശം എങ്ങനെ ഉണ്ട് ..???



ഈശ്വരാ നിബുവിനു നന്ദി ജീവനോടെ ഇക്കരെ എത്താന്‍ സഹായിച്ചതിന് ....
പിന്നീടുള്ള നടപ്പിനു മുന്‍പ് ചെറുതായി ഉള്‍ഭയം തോന്നിത്തുടങ്ങി കാരണം ഇനിയും ഇത് പോലെ ഉള്ള കടമ്പകള്‍ കാണുമോ...??

വീണ്ടും നടപ്പ് തന്നെ ഇതിനിടയില്‍ ഒരുപാട് പക്ഷികളുടെ കൂവലുകളും മറ്റും കേള്‍ക്കാം പെട്ടന്നാണ് നിഷാലിന്റെ വിളി ശിവാ...!!! ഒന്ന് നില്‍ക്കൂ... ഞാന്‍ പെട്ടന്ന് തന്നെ നിന്നു അവന്‍ വന്നു എന്റെ കാലില്‍ നിന്നും ഒരു അട്ടയെ എടുത്തു കളഞ്ഞു ദൈവമേ..!! അത് എപ്പോളാണ് എന്റെ കാലില്‍ കയറി കൂടിയത് എന്ന് മനസിലായില്ല എടുത്തു കളഞ്ഞ ഉടന്‍ തന്നെ ചോര വന്നു തുടങ്ങി ,പെട്ടന്ന് തന്നെ എല്ലാവരും അവരവരുടെ കാലുകളില്‍ നോക്കാന്‍ തുടങ്ങി പിന്നീട് ബാഗിനുള്ളില്‍ നിന്നും പുകയിലയും ചുണ്ണാമ്പും കൂടി കലക്കിയ മിശ്രിതം ഒരു തുണിയില്‍ ചുരുട്ടി ഒരു വടിയില്‍ കെട്ടി കൈയില്‍ പിടിച്ചു അട്ടയെ പ്രതിരോധിക്കാന്‍ ഉള്ള പൊടിക്കൈ ആണ് അത് .പിന്നീടുള്ള എന്റെ ഓരോ നീക്കവും അട്ട കാലില്‍ ഉണ്ടോ എന്ന് നോക്കി ആയിരുന്നു എന്റെ ഈ വിധത്തിലുള്ള നടപ്പ് എല്ലാവരിലും ചിരി പടര്‍ത്തി അവര്‍ക്ക് അറിയില്ലല്ലോ ആകപ്പാടെ കുറച്ചു ചോരയെ എന്റെ ശരീരത്ത് ഉള്ളത് എന്ന് അതും കൂടി അട്ട കുടിച്ചു തീര്‍ത്താലോ...!!!!

കാടിന്നുള്ളില്‍ ചിലയിടങ്ങളില്‍ മരങ്ങളില്‍ ആരോ മരത്തിന്റെ തൊലി ഉരിഞ്ഞെടുക്കാന്‍ ശ്രമിച്ചത് പോലെ ഉള്ള പാടുകള്‍ കാണാം പിന്നീടു ആദിവാസി യുവാവ്‌ ആണ് അതിനെ കുറിച്ച് എനിക്ക് പറഞ്ഞു തന്നത് ആ പാടുകള്‍ ആനകള്‍ ഉണ്ടാക്കുന്നതാണ് അവ കൊമ്പുകൊണ്ട് കുത്തുകയോ ശരീരം മരത്തില്‍ ഉരക്കുകയോ ചെയ്യുന്നതാണ്‌ .വഴിയില്‍ ഉടനീളം ആനപിണ്ഡം കണ്ടു അപ്പോള്‍ ആ കാട്ടുപുത്രന്‍ പറഞ്ഞു ആന മുന്നില്‍ പൊയട്ടുണ്ട് ഇനി ആരും ഒച്ച ഉണ്ടാക്കരുത് എന്ന് ....ഈശ്വരാ ആനയുടെ മുന്നില്‍ എങ്ങാനും പെട്ടാല്‍ ഉള്ള അവസ്ഥ... ഒന്നാമത് ഞാന്‍ പ്രോജെക്ട്നു കോഴിക്കോട് പോണു എന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്‌ ...

ദീര്‍ഘനേരത്തെ നടപ്പ് കാരണം എല്ലാവരും ക്ഷീണിച്ചു തുടങ്ങി അല്‍പ്പസമയം വിശ്രമിച്ചതിനു ശേഷം നടക്കാം എന്ന് വിചാരിച്ചു ഒരു വലിയ പറക്കൂട്ടത്തിന്റെ മുകളില്‍ ഇരുന്നു അതിനരുകിലൂടെ ഒരു ചെറിയ വെള്ളച്ചാട്ടവും ഉണ്ട് .കയ്യില്‍ കരുതിയ ബിസ്കുട്ടും ബ്രെഡും കഴിച്ചു കാടിനു നടുവില്‍ എല്ലാ ടെന്‍ഷനും മറന്നുള്ള നിമിഷങ്ങള്‍..... പോവുന്ന വഴിയില്‍ ഇത്തരം ചെറിയ അരുവികള്‍ ഒരുപാടു കാണുവാന്‍ സാധിക്കും അതിനരുകില്‍ ആയി മിക്കവാറും എന്തെങ്കിലും പ്രതിഷ്ടയും കാണും.
ഭക്ഷണത്തിന് ശേഷം വെറുതെ ചുറ്റും ഒന്ന് നടന്നപ്പോള്‍ അത്തരത്തിലൊന്ന് കാണുവാനും ഇടയായി കാടിന്റെ യഥാര്‍ത്ഥ അവകാശികളുടെ രീതിയിലുള്ള പൂജകളും വിശ്വാസങ്ങളും......





ഞങ്ങളുടെ സംഘത്തിലുള്ള ഓരോരുത്തരും അവരുടെ തല്പ്പര്യത്തിലുള്ള വിഷയങ്ങളില്‍ മുഴുകി തുടങ്ങി അതിനിടക്ക്
റിട്ടോ സിറിയക് ഒരു ചെറിയ പാമ്പിനെ പിടിച്ചു കൊണ്ടുവന്നു ഹരിയും ആയി വിശകലനം ചെയുകയാണ് , ഹരി കലാലയത്തില്‍ അറിയപ്പെടുന്ന ഒരു പമ്പ് പിടിത്തകാരന്‍ ആണ് മൂപ്പര്‍ ഒന്ന് രണ്ടു ഉഗ്ര വിഷമുള്ള വര്‍ഗങ്ങളെ തന്റെ റൂമില്‍ വളര്‍ത്തുന്നും ഉണ്ട് ...



റിട്ടോ സിറിയക് തനിക്കു കിട്ടിയ പാമ്പും ആയി....



(പുല്‍മേട്ടിലേക്ക് കയറുന്നതിനു മുന്‍പ് ഒരു ഗ്രൂപ്പ്‌ ഫോട്ടോ)



(പാറക്കൂത്തിനടുത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇന്ദിര തോമസ് ...)



(ഞാനും ഹരിയും ഞങ്ങളുടെ ആദ്യത്തെ ഫോട്ടോ ആണ് ഇത് 2003 ല്‍ എടുത്തത്‌ )



(നിഷാലും വിനോദും വീക്കന്‍ എന്നാണ് വിനോദിന്റെ വട്ടപ്പേര് ആളു ഒരു ബഹുരസികന്‍ ആണ് )

എല്ലാവരുടെയും ക്ഷീണം ഒന്ന് മാറി തുടങ്ങിയപ്പോള്‍ വീണ്ടും യാത്ര തുടങ്ങി
ഇനിയുള്ളത് പുല്‍മേടുകള്‍ ആണ് കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന പുല്‍മേടുകള്‍ അവ ഒറ്റനോട്ടത്തില്‍ മലകള്‍ക്ക് മേലെ പച്ചപ്പട്ടു വിരിച്ചതാണോ എന്ന് തോന്നിപോകും, കയറിതുടങ്ങിയപ്പോള്‍ മനസിലായി പുല്ലിന്റെ ഉയരം എത്രയുണ്ട് എന്ന് .അരയ്ക്കൊപ്പം ഉയരത്തില്‍ ആണ് പുല്ലു വളര്‍ന്നു നില്‍ക്കുന്നത് എങ്കിലും ചിലയിടങ്ങളില്‍ ഉയരക്കുറവു ഉണ്ട് കാരണം കാട്ടുപോത്തുകളും വരയാടുകളും ധാരാളം ഉള്ള സ്ഥലം ആയതിനാല്‍ അവ തിന്നുന്നതാണ് കൂടാതെ ഇതിനിടയ്ക്ക് ധാരാളം പാമ്പുകളും ഉണ്ട് .കാണുന്ന ഭംഗി പോലെ അല്ല വളരെ അപകടം പിടിച്ച യാത്രയാണ്‌ എന്ന് എനിക്ക് മനസ്സിലായി കാരണം കട്ടുപോത്തുകള്‍ക്ക് നമ്മളെ വളരെ ദൂരെ വച്ച് തന്നെ കാണുവാന്‍ സാധിക്കും ചിലപ്പോള്‍ അവ നമ്മെ അക്രമിക്കുവാനും സാധ്യതയുണ്ട് എന്ന് ഗാര്‍ഡ് പറഞ്ഞു , മൃഗങ്ങളില്‍ നിന്നും ഉള്ള ആക്രമണം തടയാന്‍ അവരുടെ കൈകളില്‍ തോക്കും ഉണ്ട് .പിന്നീടുള്ള നടത്തം വളരെ ശ്രെധിച്ച് ആയിരുന്നു വഴികാട്ടികള്‍ ആയ ആദിവാസി യുവാക്കള്‍ നടന്നു പോവുന്ന വഴിയെ തന്നെ എല്ലാവരും നീങ്ങി...




(പുല്‍മേട്ടില്‍ ഇടയ്ക്കൊരു വിശ്രമം.....)

യാത്രയുടെ ഒന്നാം ദിവസം രാത്രി താമസം ലക്കന്‍ കുടിയില്‍ ആണ് വൈകിട്ട് ആറ്മണിയോടുകൂടി ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു.പഴയ ഒരു ആദിവാസി കോളനി ആണ് അത് കുളിയും മറ്റും കഴിഞ്ഞ ശേഷം ഞങ്ങള്‍ അവിടെ ഉള്ളവരും ആയി ഒരു ചര്‍ച്ച ആരംഭിച്ചു അവരുടെ ജീവിത രീതികള്‍ പ്രധാന വരുമാന മാര്‍ഗ്ഗം തുടങ്ങിയവ ആയിരുന്നു ചര്‍ച്ചാവിഷയം.എല്ലാ ആദിവാസി കോളനിയിലും ഒരു മൂപ്പന്‍ ഉണ്ടാകും അദ്ദേഹം ആണ് എല്ലാ പ്രധാന തീരുമാനങ്ങളും എടുക്കുന്നത് .
ഇവര്‍ക്ക് വേണ്ടി കേരള വനം വകുപ്പ് ഏലം തൈകള്‍ കൊടുത്തിട്ടുണ്ട്‌ അവരുടെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്ന് ഏലക്കായ ആണ് കൂടാതെ അവര്‍ ചൂരല്‍ കൊണ്ടും ഈറ കൊണ്ടും ഉണ്ടാക്കിയ കൊട്ടയും മറ്റും ഉണ്ടാക്കി വില്‍ക്കുകയും ചെയ്യുന്നു.അവിടെ ഒരു റേഷന്‍ കട ഉണ്ട് കോളനി നിവാസികള്‍ക്ക് വേണ്ട അരിയും മറ്റു പലവ്യഞ്ജനവും ഇവിടെ നിന്നും ആണ് വിതരണം ചെയ്യുന്നത് മറ്റു വല്ല സാധനവും വേണം എന്നുണ്ടെങ്കില്‍ അവര്‍ ഉണ്ടാക്കുന്ന ഏലവും മറ്റും മൂന്നാറില്‍ വില്‍ക്കാന്‍ കൊണ്ട് പോകുമ്പോള്‍ ആണ് മേടിക്കുന്നത് ഇവര്‍ ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക് ന്യായമായ വില പലപ്പോഴും കിട്ടാറില്ല മൊത്ത കച്ചവടക്കാര്‍ ഇവരെ ചൂഷണം ചെയ്യുകയാണ് പതിവ് സാധനങ്ങള്‍ക്ക് പകരം ആയി പലപ്പോഴും ഇത്തരക്കാര്‍ ഇവര്‍ക്ക് ചാരായവും കഞാവും ആണ് നല്‍കുന്നത് ആദിവാസി യുവാക്കളില്‍ ഭൂരിഭാഗം പേരും മദ്യത്തിനും മയക്കുമരുന്നിനും അടിമകള്‍ ആണ് ഇതിനെതിരെ ഉള്ള ഒരു പോരാട്ടം എന്നാ നിലക്കാണ് കേരള വനം വകുപ്പ് ഇവര്‍ക്ക് ഏലം തൈകള്‍ നല്‍കുന്നതും ഏലം നേരിട്ട് മേടിക്കുന്നതും ആയ ഒരു പ്രൊജക്റ്റ്‌ നു തുടക്കം ഇട്ടത് ഇവര്‍ക്ക് ആവശ്യത്തിനുള്ള ഏലം തൈകള്‍ വനം വകുപ്പ് കൊടുക്കും അതിനു വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കുന്നതിനും മറ്റും ആണ് ഞങ്ങള്‍ ഇവിടെ വന്നത്.

ഇവരുടെ ചില രീതികള്‍ ഞങ്ങള്‍ വളരെ ആശ്ച്ചര്യത്തോട്‌ കൂടി ആണ് കേട്ടത് ,വീടുകള്‍ എല്ലാം തന്നെ ഈറ കൊണ്ട് ഉണ്ടാക്കിയതാണ് മുകളില്‍ പുല്ലു മേഞ്ഞിരിക്കുന്നു നല്ല വൃത്തിയില്‍ ചിട്ടയോടു കൂടി ഉണ്ടാക്കിയവ എല്ലാ വീടുകളുടെയും നിലം ചാണാന്‍ കൊണ്ട് മെഴുകിയിരിക്കുന്നു. വീടുകള്‍ എല്ലാം നില്‍ക്കുന്നതിന്റെ നടുവില്‍ ആയി ഒരു ഹാള്‍ പോലെ ഉള്ള ഒരു കെട്ടിടം "സത്രം" എന്നാണ് അതിന്റെ പേര് ഞങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതും അവിടെ ഇരുന്നാണ് ,പതിമൂന്നു വയസ്സ് കഴിഞ്ഞ എല്ലാ ആണ്‍കുട്ടികളും ഇവിടെ ആണ് താമസിക്കേണ്ടത് രാവിലെയും വൈകിട്ടും ഭക്ഷണത്തിന് മാത്രം വീടുകളില്‍ പോകാം ഉറക്കവും മറ്റും സത്രത്തില്‍ തന്നെ.അത് വളരെ നല്ല ഏര്‍പ്പാടായി ആണ് എല്ലവര്‍ക്കും തോന്നിയത് .ചര്‍ച്ചയ്ക്ക് ശേഷം ഭക്ഷണം കഴിക്കുവാന്‍ ഉള്ള സമയമായി രാവിലെ മുതല്‍ ഉള്ള നടപ്പല്ലേ നല്ല വിശപ്പും ഉണ്ട് സത്രത്തില്‍ തന്നെ ആണ് ഭക്ഷണം വിളമ്പിയത് ,നല്ല ചൂടുപറക്കുന്ന കുത്തരിച്ചോറും പച്ചക്കറികളും ആണ് വിഭവങ്ങള്‍ കൂടെ ഉണക്കമീന്‍ വറുത്തതും നല്ല വിശപ്പുള്ളത് കൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ കഴിച്ചു.ഇവര്‍ വിശേഷ ദിവസങ്ങളില്‍ മാത്രം ആണ് ഇറച്ചിയും മീനും ഉപയോഗിക്കുന്നത് ഇന്ന് ഉണക്കമീന്‍ സ്പെഷ്യല്‍ ആണ് .കിടക്കുന്നതിനായി ഉള്ള തയാറെടുപ്പിലാണ് എല്ലാവരും കാലുകള്‍ക്ക് നല്ല വേദനയുണ്ട് ശീലം ഇല്ലാത്ത നടപ്പാണല്ലോ അതും കുത്തനെ ഉള്ള കയറ്റങ്ങളും ഇറക്കങ്ങളും ആദിവാസികളുടെ കൈയില്‍ ഉള്ള പുല്‍തൈലം കാലുകളില്‍ പുരട്ടി വേദനക്ക് ഒരു ചെറിയ ആശ്വാസം കിട്ടി.സ്ലീപിംഗ് ജാക്കെറ്റില്‍ ചുരുണ്ട് കൂടി ഉറങ്ങാന്‍ കിടന്നു പുറത്തു നല്ല തണുപ്പ് ഉണ്ട് ക്ഷീണവും വേദനയും കാരണം ഉറങ്ങിപ്പോയതെ അറിഞ്ഞില്ല......

രാവിലെ ഉണര്‍ന്നു അടുത്തുള്ള നദിയില്‍ പോയി കുളിക്കാം എന്ന് വച്ചു അവിടെ ചെന്നപ്പോള്‍ ഉണ്ട് നവാസ് മാത്രം വെള്ളത്തില്‍ നീരാട്ട് നടത്തുന്നു ബാക്കി ആള്‍ക്കാരെല്ലാം കരയില്‍ ഇരിപ്പുണ്ട് നവാസിനെ ക്ഷുദ്രു എന്നാണ് വിളിക്കുന്നത്‌ ഏതു കാലാവസ്ഥയിലും മൂപ്പര്‍ ജീവിക്കും വെള്ളം കണ്ടാല്‍ പിന്നെ പറയുകയേ വേണ്ട മണിക്കൂറുകളോളം നീരട്ടാണ് .നല്ല കോട മഞ്ഞും ഉണ്ട് ഒരു അഞ്ചു മീറ്റര്‍ ദൂരത്തില്‍ കൂടുതല്‍ ഒന്നും കാണുന്നും ഇല്ല എന്തും വരട്ടെ എന്ന് കരുതി വെള്ളത്തിലേക്ക്‌ ചാടി ഈശ്വരാ അമ്മെ.... എന്ന് നീട്ടി വിളിക്കാന്‍ പോലും കഴിഞ്ഞില്ല കാരണം അത്രയ്ക്ക് തണുപ്പാണ് വെള്ളത്തിന്‌ ശരീരമാസകലം മരവിച്ചു പോയി ഗീവനോടെ എടുത്തു ഫ്രിഡ്ജ്‌ ല്‍ വച്ച അനുഭവം , ഒരുവിധത്തില്‍ എല്ലാവരും കൂടി പിടിച്ചു കയറ്റി കരക്കിരുത്തി പല്ലുകള്‍ കൂട്ടിയിടിക്കുന്നത് കൊണ്ട് ഒന്നും പറയാനും പറ്റുന്നില്ല....ക്ഷുദ്രു നിന്നെ സമ്മതിക്കണം നവാസിനെ തൊഴുതു വണങ്ങി അവിടെ നിന്നും സത്രത്തിലേക്ക് ചെന്നപാടെ ചൂട് പുട്ടും കടലയും കട്ടന്‍ കാപ്പിയും അത് കഴിച്ച ശേഷം ആണ് പല്ലിന്റെ കൂട്ടിടി നിന്നത് .

രാവിലെ തന്നെ അവരുടെ ഏലത്തോട്ടം കാണുവാന്‍ പോയി ഇടതൂര്‍ന്നു നില്‍ക്കുന്ന വന്‍ വൃക്ഷങ്ങള്‍ക്കിടയില്‍ ഏലച്ചെടികള്‍ പുതുതായി കൊടുത്തവയും ഉണ്ട് അക്കൂട്ടത്തില്‍ അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്ത ശേഷം അവയുടെ ഒരു ഏകദേശ കണക്കെടുപ്പും നടത്തി ഞങ്ങള്‍ ഏലം സംസ്കരിക്കുന്നത്‌ കണ്ടു അതിനു ശേഷം യാത്രയുടെ രണ്ടാം ദിവസം തുടര്‍ന്നു.ഇരവികുളം ഹട്ടിലേക്കാന് അടുത്ത യാത്ര ഇരവികുളം ലേക്കിനടുതാണ് ഇത് ,വീണ്ടും നടപ്പ് തുടങ്ങി ഇനിയുള്ളത് പുല്‍മേടുകളുടെയും ഷോലെ കാടുകളുടെയും ഇടയില്‍ കൂടി ആണ് .ഷോലെ കാടുകള്‍ നിത്യ ഹരിത വനങ്ങള്‍ ആണ് ഇപ്പോഴും തണുപ്പും ശുദ്ധ ജലവും ഉണ്ടായിരിക്കുന്ന ഇടം അട്ടകളുടെ കൂത്തരങ്ങാണ് ഇവിടം നടന്നു പോവുന്ന വഴികളിലും ഇലപ്പടര്‍പ്പിലും വരെ ഇവയെ കാണാം

വെസ്റ്റേണ്‍ ഗാട്സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ "ആനമുടി " ഇരവികുളത്താണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പൊയന്റും അനമുടിയാണ് "8842 "അടി ഉയരം ഉണ്ട് ഇതിന് .
പണ്ട് ബ്രിട്ടീഷ്‌ ആര്‍മിയിലെ ജനറല്‍ ആയിരുന്ന "ഗ്ലസ് ഹമിള്‍ട്ന്‍ " ആണ് ഇവിടെ ആദ്യം എത്തിയത് , എന്നാല്‍ അതിനു മുന്‍പ് തന്നെ ആദിവാസികള്‍ ഇവിടെ കയറി വന്നിരുന്നു.
നല്ല കാലാവസ്ഥയില്‍ ആനമുടിയുടെ മുകള്‍ അറ്റം വരെ നമുക്ക് കാണുവാന്‍ സാധിക്കും പക്ഷെ എപ്പോഴും കോടമഞ്ഞിനാല്‍ മൂടുപടം പുതച്ചാണ് ആനമുടിയുടെ നില്‍പ്പ്




(ആനമുടി ഒരു വിദൂരകാഴ്ച....)


(പുല്‍മെട്ടിനിടയിലെ ഷോലെ കാടുകള്‍ )



(പുല്‍മേട്ടില്‍ ജോസേട്ടന്റെ ഒരു പോസ്സിംഗ് )


ഇടയ്ക്കൊരു വിശ്രമവേളയില്‍ മുന്നില്‍ നിഷാല്‍,വിനോദ്,റിട്ടോ
പിറകില്‍ ജോസേട്ടന്‍ ,നിബു,ഇന്ദിര,നവാസ്,കാര്‍ത്തിക് ,വികാസ് ,സമീര്‍



വെയില്‍ കഠിനം ആണ് എങ്കിലും നല്ല തണുത്ത കാലാവസ്ഥ കാരണം ചൂട് അറിയുന്നേ ഇല്ല
(നിഷാല്‍ ചൂടിനെ പ്രതിരോധിക്കാന്‍ തുവര്‍ത്തും തലയില്‍ കെട്ടി കൈയ്യില്‍ പുകയില വടിയും ചുമലില്‍ സ്ലീപിംഗ് ജാക്കെറ്റും ആയി)




(പുല്‍മേട്ടില്‍ എന്റെ ഒരു പോസ്സിംഗ് ജോസേട്ടന്‍ എടുത്തത്‌ )
രാവിലെ ലക്കന്‍ കുടിയില്‍ നിന്നും പോരുമ്പോള്‍ കയ്യില്‍ കരുതിയ ബിസ്കറ്റും കഴിച്ച് വിശപ്പടക്കിയാണ് യാത്ര ഷോലക്കാടിനുള്ളില്‍ നല്ല അരുവികള്‍ ഉള്ളത് കൊണ്ട് വെള്ളത്തിനു യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു.ഷോലക്കാടുകള്‍ അട്ടകളുടെ ഒരു കൂടാരം തന്നെ ആണ് എങ്ങനെ ഒക്കെ സൂക്ഷിച്ചു നടന്നാലും അവ മേലില്‍ കയറിപ്പറ്റും അവസാനം ഒന്ന് തീരുമാനിച്ചു ഓടുകതന്നെ എന്നാലും രക്ഷ ഇല്ല എന്ന അവസ്ഥ ആണ് കാരണം ഇലപ്പടര്‍പ്പുകളില്‍ ഇവ തൂങ്ങിക്കിടക്കുക ആണ് നേരെ തല വഴി ആണ് കയറുന്നത് , അട്ടകളെ പെറുക്കി കളയുക എന്ന ജോലിയാണ് ഒടുവില്‍ ഓരോഷോലക്കാടുകള്‍ കഴിയുമ്പോളും .

വീക്കന്‍ എന്ന വിനോദ് ആദ്യം മുതല്‍ക്കേ നല്ല ഉന്മേഷവാനായിരുന്നു എല്ലാവരിലും മുന്‍പേ നടക്കുക എന്നതാണ് മൂപ്പരുടെ പ്രധാന വിനോദം ഷൂ വും സോക്സും ഒക്കെ ഇട്ട് നല്ല വേഗതയില്‍ തന്നെ ആണ് പോക്ക് എന്നാല്‍ ഉച്ച കഴിഞ്ഞുള്ള നടത്തത്തിനിടയില്‍ മൂപ്പര്‍ അകെ ഒന്ന് ക്ഷീണിച്ചത് പോലെ കുറച്ചു കഴിഞ്ഞപ്പോള്‍ പുല്‍മേട്ടില്‍ തളര്‍ന്നു ഇരുന്നു.എല്ലാവര്‍ക്കും ക്ഷീണം ഉള്ളതിനാല്‍ ഒന്ന് വിശ്രമിച്ചതിനു ശേഷം മതി നടത്തം എന്ന് തീരുമാനിച്ചു ,അതിനിടയില്‍ വിനോദ് ഷൂ ഊരി മാറ്റി സോക്സില്‍ മുഴുവനും ചോരപ്പാട് അവിടെയും ഇവിടെയും ഒക്കെ വീര്‍ത്തും ഇരിക്കുന്നു ആരോ സോക്സും കൂടി ഊരി എടുത്തു എന്റെ ജീവിതത്തില്‍ ഇത്രയും അട്ടകളെ ഞാന്‍ കണ്ടിട്ടില്ല എല്ലാവരും ആവശ്യത്തില്‍ കൂടുതല്‍ ചോര കുടിച്ചു വീര്‍ത്ത് ഇരിക്കുന്നു.പാന്റും കൂടി ഊരിനോക്കാം എന്ന ആരുടെയോ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു....കണ്ടത് എത്രയോ തുച്ഛം കാല്പ്പാദത്തിനു മുകളിലോട്ടു അട്ടകള്‍ താമസം ആക്കിയോ എന്ന് ഒരു സംശയം കുറച്ചു സമയത്തെ പ്രയത്നത്തിനു ശേഷം അട്ടകളെ എല്ലാം ഇറക്കിവിട്ടു അതോടെ നല്ല ചുവന്ന കളറില്‍ ആയി വിനോദിന്റെ കാലുകള്‍ പിന്നെടങ്ങോട്ടു വിനോദിനെ എടുത്തുകൊണ്ടു പോവുകയായിരുന്നു എന്ന് പറയുന്നതാണ് നല്ലത് ...

വൈകിട്ടോടു കൂടി ഞങ്ങള്‍ ഇരവികുളം ലേക്കിന്റെ അരുകില്‍ എത്തി,സായിപ്പന്മ്മാരെ സമ്മതിക്കണം ലോകത്തെവിടെയും മനോഹര സ്ഥലങ്ങള്‍ ഉണ്ട് എങ്കില്‍ അത് അവര്‍ ആസ്വദിച്ചിരിക്കും എല്ലാവരിലും മുന്‍പ് തന്നെ...ഈശ്വരാ ഞാന്‍ ഇത് സ്വര്‍ഗത്തിലാണോ എത്തിപ്പെട്ടത് ...!!!!!അത്രക്കും മനോഹരം ആയ സ്ഥലം ഈ ഷോലക്കാടുകള്‍ക്കിടയില്‍ ഒളിഞ്ഞു കിടപ്പുണ്ടയിരുന്നെന്നോ































4 comments:

  1. നന്നായിരിയ്ക്കുന്നു. നല്ലൊരു എഴുത്തുകാരന്‍ കൂടിയാണല്ലോ ശിവാ.:) പിന്നേ ഫോട്ടോകള്‍ക്കായി ഒരു ബ്ലോഗും എഴുത്തിനായി മറ്റൊന്നും ഉണ്ടാക്കൂ. രണ്ടിനും പരസ്പരം ലിങ്കുകള്‍ കൊടുത്താല്‍ മതിയല്ലോ.

    അതുപോലെ ഫോട്ടോ ബ്ലോഗില്‍ ഒന്നോ രണ്ടോ പടങ്ങള്‍ ഒരു പോസ്റ്റില്‍. അല്ലെങ്കില്‍ ജനത്തിന്റെ ഫോക്കസ് പോകും.:)

    http://kakkat.blogspot.com/ തുളസി, കൈപ്പള്ളിയണ്ണന്‍ ഒക്കെ ഫോട്ടോ പ്രസന്റ് ചെയ്തിരിയ്ക്കുന്നത് ശ്റദ്ധിയ്ക്കുക. പ്രസന്റേഷന്‍ ഒരു വലിയ കാര്യമാണ്.

    പിന്നെ ഫോട്ടോകളെപ്പറ്റി. നിനക്കറിയാമല്ലോ എനിയ്ക്ക് നിന്നെപ്പോലെതന്നെ നിന്റെ ഫോട്ടോകളെയും പെരുത്തിഷ്ടം. :)

    ReplyDelete
  2. ശിവപ്രസാദ്‌... സത്യം പറഞ്ഞാല്‍ ഇങ്ങനെയൊരു യാത്ര നടത്തിയ ശിവപ്രസാദിനോട് അസൂയ തോന്നുന്നു. ഏതൊരുപ്രകൃതി സ്നേഹിയുടെയും സ്വപ്നമാണ് ഇതുപോലൊരു യാത്ര. വിവരണവും വളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍.... യാത്രകളും വിവരണങ്ങളും ഇനിയും തുടരട്ടെ...

    ReplyDelete
  3. കൊള്ളാം ശിവപ്രസാദ്‌ നന്നായിട്ടുണ്ട് വിവരണത്തിന് ഒരു ശൈലി ഉണ്ട് എഴുത്ത് നിര്‍ത്തരുത് . കൂടുതല്‍ വിഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു

    ReplyDelete